Kerala
തൊടുപുഴ: ആറു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ മുടിചൂടാമന്നനായി തിളങ്ങിനിന്ന പി.ജെ.ജോസഫ് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് കളമൊഴിയുമ്പോള്‍ അത് ചരിത്രപരമായ യുഗസമാപ്തിയായി മാറുകയാണ്. രാഷ്ട്രീയ പ്രവര്ത്തകന്, നിയമസഭാ സാമാജികന്, വിവിധ വകുപ്പുകളില്‍ മന്ത്രി, കര്ഷകന് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം വിലമതിക്കാനാകാത്ത സംഭാവനകളാണ് സംസ്ഥാനത്തിനു നല്‍കിയിട്ടുള്ളത്. 1970-ല്‍ തൊടുപുഴയില്‍ നിന്നു സംസ്ഥാന നിയമസഭയിലേക്ക് കന്നിയങ്കം കുറിച്ച അദ്ദേഹം 10 തവണ തൊടുപുഴയില്‍ നിന്നു കേരള നിയമസഭയെ പ്രതിനിധീകരിച്ചു.
ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ കഴിവ് കേരളം തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആഭ്യന്തരം, റവന്യു, എക്സൈസ്, പൊതുമരാമത്ത്, ജലവിഭവം, ഭവനനിര്‍മാണം, വിദ്യാഭ്യാസം തുടങ്ങി പ്രമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഇക്കാലയളവില്‍ ഓരോ വകുപ്പിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനായി. 2001-ലെ നിയമസഭതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.ടി.തോമസുമായുള്ള പോരാട്ടത്തിലും 1989-ലും 1991ൽ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും മാത്രമാണ് ഇദ്ദേഹത്തിന് അടിയറവ് പറയേണ്ടി വന്നത്. നിയമസഭ പ്രവേശനത്തിന്റെ സുവര്‍ണജൂബിലിയും പിന്നിട്ട് മകന് അപു ജോണ്‍ ജോസഫിന് ബാറ്റണ്‍ കൈമാറുമ്പോള്‍ തൊടുപുഴയുടെ സ്വന്തം പി.ജെ. ഇനി പാര്‍ട്ടിയെ നയിക്കുക പിന്നില്‍ നിന്നാകും.
കര്‍ഷകനായ പൊതുപ്രവര്ത്തകന്
പുറപ്പുഴ വയറ്റാട്ടില്‍ പാലത്തിനാല്‍ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനായി 1941 ജൂണ്‍ 28നായിരുന്നു പി.ജെ.ജോസഫിന്റെ ജനനം. പുറപ്പുഴ ഗവ.എല്‍പിഎസ്, പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപിഎസ്, കോട്ടയം എസ്.എച്ച്.മൗണ്ട് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.ചങ്ങനാശേരി എസ്.ബി.കോളേജ്, മദ്രാസ് ലയോള കോളജ്, തേവര എസ്.എച്ച്. കോളേജ് എന്നിവിടങ്ങളിലായി സര്‍വകലാശാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോസഫ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. വിദ്യാഭ്യാസവും വിനയവും വിവേകവും ഒത്തിണങ്ങിയ പി.ജെ.ജോസഫ് എന്ന ചെറുപ്പക്കാരന് ആദ്യകാലങ്ങളില്‍ തന്നെ നിയമസഭയില്‍ ശ്രദ്ധേയനായി.
കേരളത്തിന്റെ വികസനത്തിന് ഉതകുന്ന വിദ്യാഭ്യാസം എന്ന ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാടും വികസന കാര്യങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്ന അധികാരവികേന്്രീകരണമെന്ന അഭിപ്രായവും ആദ്യകാല നിയമസഭ പ്രസംഗങ്ങളില്‍ തന്നെ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. കേരള യൂത്ത് ഫ്രണ്ട് പ്രസിഡന്റായിരുന്ന 1970 കളുടെ മധ്യത്തില്‍ സംസ്ഥാനത്തെ ഏറ്റവും പ്രഗത്ഭനായ യുവജനനേതാവായി മാറി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യുവജന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഗുരുവായൂരില്‍ നിന്നും കാല്‍നടയായി തിരുവനന്തപുരത്തേക്ക് നടന്ന യുവജനജാഥ ഏറെ ശ്രദ്ധ നേടിയിരുന്നു.
ആഭ്യന്തരമന്ത്രി പദവിയില്‍
കേരള കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഐക്യമുന്നണിയുടെ സ്ഥാനാര്‍ഥിയായി പി.ജെ.ജോസഫ് 1977-ല്‍ നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1978 ജനുവരി 14നു ആഭ്യന്തര മന്ത്രിയായിരുന്ന കെ.എം.മാണിയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയയും തെരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നപ്പോള്‍ സംസ്ഥാന ആഭ്യന്തര മന്ത്രി സ്ഥാനം പി.ജെ.ജോസഫിനെ തേടിയെത്തി. 1978 ജനുവരി 16നു രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.
നിയമവാഴ്ച ഉറപ്പുവരുത്തിയുള്ള ഭരണം രാഷ്ട്രീയ കേരളത്തിന് പുതിയ അനുഭവമായി. 1978 സെപ്റ്റംബറില്‍ കെ.എം. മാണിയും സി.എച്ച്.മുഹമ്മദ്കോയയും കുറ്റവിമുക്തരാണെന്നുള്ള കോടതിവിധി വന്ന ദിവസം തന്നെ പി.ജെ.ജോസഫ് മന്ത്രിസ്ഥാനം രാജിവച്ചു.1979-ല്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.1980-ല്‍ രൂപീകൃതമായ ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാപക കണ്‍വീനറായി. 1980-ല്‍ തൊടുപുഴയില്‍ നിന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി.
കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ റവന്യു, വിദ്യാഭ്യാസ, എക്സൈസ് മന്ത്രിയായി. 1982-87ല്‍ റവന്യുഭവന നിര്‍മാണ മന്ത്രിയായി. ഇക്കാലയളവില്‍ നാലു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടുനിര്‍മിച്ചു നല്കി പ്രശംസനേടി.
ഗാന്ധിജി സ്റ്റഡി സെന്റർ
കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് 1984-ല്‍ ഗാന്ധിജി സ്റ്റഡി സെന്റർ എന്ന പേരില്‍ ഇടുക്കിയില്‍ പഠന ഗവേഷണ കേന്ദ്രം സ്ഥാപിച്ചു.1987-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പി.ജെ.തൊടുപുഴയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടു. 1980കളുടെ അവസാനത്തില്‍ കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട പഠനങ്ങളിലും പദ്ധതി രൂപീകരണത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.1996-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് വിദ്യാഭ്യാസ, പൊതുമരാമത്ത്, രജിസട്രേഷന്, ഭവന നിര്‍മാണ മന്ത്രിയായി സ്ഥാനമേറ്റു. വര്‍ഷങ്ങളോളം വിദ്യാഭ്യാസ മേഖലയില്‍ പ്രീഡിഗ്രി, ദേശീയ നയങ്ങള്‍ക്കനുസൃതമായി കോളേജില്‍ നിന്നു വേര്‍പെടുത്താന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭരണ നേട്ടമാണ്. സാങ്കേതിക വിദ്യാഭ്യാസ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ളവ നമ്മുടെ നാട്ടില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം കൈവന്നതും പി.ജെ. വിദ്യാഭ്യാസ മന്ത്രിയായ ശേഷമാണ്.
കെഎസ്ടിപി പദ്ധതി
കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറ്റിയ കെഎസടിപി പദ്ധതി സംസ്ഥാനത്ത് ആവിഷ്കരിച്ചത്് പി.ജെ. ജോസഫാണ്. മറ്റേതു പട്ടണങ്ങളെ അപേക്ഷിച്ചും ഏറ്റവും അധികം ബൈപാസുകളുള്ള നഗരവും തൊടുപുഴയാണ്. 2006-ല്‍ വീണ്ടും കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിയായ ജോസഫ് സെപ്റ്റംബര്‍ നാലിന് രാജിവച്ചു. തുടര്‍ന്ന് വീണ്ടും 2009 ഓഗസ്റ്റ് 17ന് മന്ത്രിസ്ഥാനമേറ്റു.
കേരള കോണ്‍ഗ്രസ് ഐക്യം യാഥാര്‍ഥ്യമാക്കാന്‍ 2010 മാര്‍ച്ചില്‍ മന്ത്രിസ്ഥാനം രാജിവച്ച് എല്‍ഡിഎഫ് മുന്നണിവിട്ടു. 2016-ല്‍ വീണ്ടും കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 45,823 വോട്ടുകള്‍ നേടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയെ ആധുനക നഗരമാക്കി മാറ്റുന്നതില്‍ ജോസഫ് വഹിച്ച പങ്ക് ഏറെ ശ്രദ്ധേയമാണ്. നഗരത്തിലെ റോഡുകളെല്ലാം ആധുനിക നിലവാരത്തില്‍ പൂര്‍ത്തീകരിച്ചു.ഏഴ് ബൈപാസുകള്‍ തൊടുപുഴയിലുണ്ടായതും ഇദ്ദേഹത്തിന്റെ ഭരണ മികവാണ്.
കാര്‍ഷിക മേള
കാര്‍ഷിക മേഖലയുടെ വികസനത്തിന് ജോസഫ് നല്‍കിയിട്ടുള്ള സംഭാവന ശ്രദ്ധേയമാണ്. തൊടുപുഴയില്‍ നടന്നുവന്ന സംസ്ഥാന കാര്‍ഷികമേള ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നൂതന കൃഷിരീതികളെക്കുറിച്ചും ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടിന്റെ ആവശ്യകതസംബന്ധിച്ചും ജനങ്ങളെ ബോധവത്കരിക്കാന്‍ കാര്‍ഷിക മേളകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2005-ല്‍ നടന്ന കാര്‍ഷിക മേള ഇന്ത്യന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാമാണ് ഉദ്ഘാടനം ചെയ്തത്.
കാര്‍ഷിക മേളയില്‍ പങ്കെടുത്ത നിതീഷ് കുമാര്‍ പിന്നീട് ബീഹാര്‍ മുഖ്യമന്ത്രിയായപ്പോള്‍ ബീഹാറിനെ ജൈവ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു. മാലിന്യമില്ലാത്ത മലയാളനാട് എന്ന ആശയം കേരളത്തില്‍ ആദ്യം അവതരിപ്പിച്ചതും പി.ജെ. ജോസഫാണ്. മുംബൈ മുതല്‍ കന്യാകുമാരിവരെ അതിവേഗ റയില്‍ കോറിഡോര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് 2007-ല്‍ നടത്തിയ മുംബൈ-കന്യാകുമാരി യാത്ര ജശ്രദ്ധയാകര്ഷിച്ചിരുന്നു. ഉയര്‍ച്ചയിലും താഴ്ചയിലും തന്റേതായ മാന്യത എല്ലാ കാര്യങ്ങളിലും നിലനിര്‍ത്തിയിട്ടുള്ള പി.ജെ.ജോസഫ് കേരള രാഷ്ട്രീയത്തില്‍ പകരം വയ്ക്കാനാകാത്ത നേതാവാണ്.
രാഷ്ട്രീയക്കാരൻ
മണ്ണിനെയും സംഗീതത്തെയും മനസറിഞ്ഞ് സ്നേഹിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് പി.ജെ.അദ്ദേഹത്തിന്റെ കൃഷിയിടം മറ്റുള്ളവര്‍ക്ക് എന്നും മാതൃകയാണ്. കൃഷിക്കൊപ്പം പശുവളര്‍ത്തലും പരിപാലനവും അദ്ദേഹത്തിനു ഹരമാണ്. വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ വിവിധ ഇനത്തിലുള്ള നൂറിലേറെ പശുക്കളുണ്ട്. ഇതിനു പുറമെയാണ് പാട്ടുകളോടുള്ള കമ്പവും. പാടാന്‍ ലഭിക്കുന്ന അവസരങ്ങളിലെല്ലാം അദ്ദേഹം തന്റെ മികവു തെളിയിക്കാറുണ്ട്. 1984-ല്‍ ശബരിമല ദര്‍ശനം എന്ന ചിത്രത്തിലൂടെ മന്ത്രിയായിരുന്നപ്പോള്‍ പിന്നണി ഗാന രംഗത്തും ചുവടുവച്ചു.ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും വിരമിച്ച പരേതയായ ഡോ.ശാന്തയാണ് ഭാര്യ. അപു, യമുന, ആന്റണി, പരേതനായ ജോ എന്നിവരാണ് മക്കള്‍.
Kerala
തൊടുപുഴ: സീറ്റുകളുടെ കാര്യത്തില്‍ യുഡിഎഫില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ.ജോസഫ് എംഎല്‍എ.
പത്തുസീറ്റുകളും ഇത്തവണ ആവശ്യപ്പെട്ടിരുന്നു. പ്രയാസമുണ്ടെങ്കിലും മുന്നണി സംവിധാനത്തില്‍ ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരും.
ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ തീരുമാനം ഇന്നുണ്ടാകും. കഴിഞ്ഞ തവണ പാര്‍ട്ടി മല്‍സരിച്ച ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് പി.ജെ.ജോസഫിന്റെ പ്രതികരണം.
പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ഇന്നു വൈകുന്നേരത്തോടെ ചിത്രം വ്യക്തമാകും.
Kerala
തൊടുപുഴ: കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ പി.ജെ. ജോസഫ് വീണ്ടും മല്‍സരത്തിനിറങ്ങിയാല്‍ അതു ചരിത്രമാകും.
അങ്ങനെയെങ്കില്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍ നിന്നു 12-ാമത്തെ മല്‍സരത്തിനാകും അദ്ദേഹം രംഗത്തിറങ്ങുക. ഒരുമണ്ഡലത്തില്‍ നിന്ന് ഇത്രയും തവണ മല്സരിച്ചുവിജയിച്ച നേതാക്കള്‍ വിരളമാണ്.
1970ലാണ് തൊടുപുഴയില്‍ നിന്നും നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങി വിജയക്കൊടി പാറിച്ചത്. ഇതുവരെ 11 തവണ മല്‍സരിച്ചതില്‍ 2001ല്‍ മാത്രമാണ് പരാജയം രുചിച്ചത്.
അന്നു എല്‍ഡിഎഫ് പക്ഷത്തായിരുന്ന പി.ജെ. കോണ്‍ഗ്രസിലെ പി.ടി.തോമസിനോട് 6,125 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
ഇതൊഴിച്ചാല്‍ മറ്റു തെരഞ്ഞെടുപ്പുകളില്‍ തോല്‍വിയറിയാത്ത നേതാവായാണ് പി.ജെയെ ഇരുമുന്നണികളും കാണുന്നത്.
2016ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷവും ഇദ്ദേഹത്തിനായിരുന്നു. 45,823 വോട്ടുകള്‍ക്കാണ് അന്നുവിജയിച്ചത്.
മണ്ഡലത്തില്‍ സജീവമായ ഇദ്ദേഹം ഇക്കുറി തൊടുപുഴയില്‍നിന്നു വീണ്ടും മല്‍സരിക്കുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെയുമായിട്ടില്ല.
Kerala
തൊടുപുഴ: കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ പി.ജെ.ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയും തൊടുപുഴയില്‍നിന്നു ജനവിധി തേടുമെന്ന് ഉറപ്പായി.
മകന് അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹം നിലനില്‍ക്കെയാണ് പി.ജെ. തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വത്തിന് വിരാമമിട്ടത്.
മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഇദ്ദേഹം മല്സരരംഗത്തുവരുന്നത് യുഡിഎഫിന് പൊതുവേ ഗുണംചെയ്യുമെന്ന വിലയിരുത്തലാണ് വീണ്ടും മല്‍സരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
12-ാം തവണയാണ് പി.ജെ. തൊടുപുഴയില്‍നിന്നു നിയമസഭയിലേക്ക് മല്‍സരിക്കാന്‍ തയാറെടുക്കുന്നത്. അതേ സമയം പാര്‍ട്ടി മല്‍സരിക്കുന്ന മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. കോണ്‍ഗ്രസുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമാകും ഇതു സംബന്ധിച്ച് തീരുമാനത്തിലെത്തുക.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സീറ്റ് വിട്ട് നൽകില്ലെന്ന് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ്. കഴിഞ്ഞ തവണ മത്സരിച്ച പത്തു സീറ്റിലും ഇത്തവണയും മത്സരിക്കുമെന്നും കോട്ടയത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ജയ സാധ്യത നോക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കും. കഴിഞ്ഞ പത്തു വർഷമായി ഭരണം നടത്തുന്ന എൽഡിഎഫ് സർക്കാർ കാർഷിക മേഖലയെ അവഗണിക്കുകയാണ്. ഈ അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് സംസ്ഥാന ബജറ്റ്.
പൊള്ളയായ വാഗ്ദാനങ്ങളും നടപ്പാക്കുവാൻ കഴിയാത്ത നിർദ്ദേശങ്ങളുമാണ് ബജറ്റിലുള്ളതെന്നും പി.ജെ.ജോസഫ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർഥികളെ തീരുമാനിക്കാൻ ചെയർമാനെ യോഗം ചുമതലപ്പെടുത്തി.
വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ യോഗം തീരുമാനിച്ചു. മോൻസ് ജോസഫ് എംഎൽഎ, പി.സി.തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Kerala
കോതമംഗലം: കേരള കോൺഗ്രസിന്റെ സീറ്റുകൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. സീറ്റ് വച്ചുമാറുന്നതോ വിട്ടുനൽകുന്നതോ സംബന്ധിച്ച് ആലോചനകളില്ലെന്നും സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യതയ്ക്കായിരിക്കും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
സീറ്റുകൾ വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരമൊരു ചർച്ചയ്ക്ക് നിലവിൽ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി കോൺഗ്രസുമായി ചർച്ച നടക്കുമ്പോഴും വിജയസാധ്യത തന്നെയായിരിക്കും പ്രധാന മാനദണ്ഡമെന്നും ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസിൽനിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജോസഫിന്റെ പ്രതികരണം. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ രണ്ട് സീറ്റൊഴികെ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോൺഗ്രസിന്റെ നീക്കം.
Kerala
കോട്ടയം: സംശുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ കേരള കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നാടിന് അഭിമാനമായി മാറണമെന്ന് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ.
കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന കണ്‍വന്‍ഷനും തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികള്‍ ഭരണപരമായ തീരുമാനങ്ങളെടുക്കുമ്പോള്‍ ഏറ്റവും പാവപ്പെട്ടവരുടെ മുഖം എപ്പോഴും ഓർമയുണ്ടായിരിക്കണമെന്നും പൊതു ആവശ്യങ്ങള്‍ക്കൊപ്പം ചുറ്റുപാടുമുള്ളവരുടെ കണ്ണീരൊപ്പുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി.
വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ മോന്‍സ് ജോസഫ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ടി.യു. കുരുവിള, ജോയ് എബ്രഹാം, ജോസഫ് എം. പുതുശേരി, തോമസ് ഉണ്ണിയാടന്, അപു ജോണ്‍ ജോസഫ്, ജയ്സണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
ഇടുക്കി: ത്രിതല പഞ്ചായത്ത് ഭരണരംഗത്ത് ദീര്‍ഘവീക്ഷണമുള്ള വികസന പദ്ധതികള്‍ നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ.ജോസഫ് എംഎല്‍എ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രഫ. ഷീലാ സ്റ്റീഫന്‍ ചുമതലയേറ്റതിനെത്തുടര്‍ന്ന് നടത്തിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി.
യുഡിഎഫ് ജില്ലാ ചെയര്മാന് പ്രഫ.എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യൂ , കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ്, ജനറല്‍ സെക്രട്ടറി എസ്. അശോകന് , ജോയി വെട്ടിക്കുഴി, ഇബ്രാഹിംകുട്ടി കല്ലാര്‍, എം.കെ. നവാസ്, തോമസ് പെരുമന, നോബിള്‍ ജോസഫ്, എം. മോനിച്ചന്, തമ്പി മാനുങ്കല്‍, എം.കെ. പുരുഷോത്തമന് , എം.ജെ. കുര്യന്, ടോമി തൈനംമ്മനാല്, വിന്‍സന്റ് വള്ളാടി, സി.വി. തോമസ്, ഷിജോ ഞവരക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Kerala
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ യുഡിഎഫ് സെമി ഫൈനല്‍ കടന്നതായും ഫൈനലില്‍ വന്‍ വിജയം കൊയ്യുമെന്നും കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതോടെ വിജയം തൂത്തുവാരുകയായിരുന്നു.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്. ഈ കേസില്‍ ഇനിയും കൂടുതല്‍ പേര് അകത്താകുമെന്നും അദ്ദേഹം പറഞ്ഞു.
District News
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പി.ജെ. ജോസഫ് എംഎൽഎ. പുറപ്പുഴ ഗവ. എൽപിഎസിലെ ഒന്നാം നന്പർ ബൂത്തിൽ കുടുംബാംഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കാറ്റ് മാറി വീശും. നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ അപ്പീൽ പോകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
District News
നെടുങ്കണ്ടം: കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഇടതുസര്‍ക്കാര്‍ ഇടുക്കിയെ തകര്‍ക്കുകയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. ജില്ലാ പഞ്ചായത്ത് നെടുങ്കണ്ടം ഡിവിഷന് സ്ഥാനാര്‍ഥി ഗ്രേസി ജോയിയുടെ ഇലക്ഷന് പ്രചാരണാര്‍ഥം യുഡിഎഫ് കണ്‍വന്‍ഷനും സ്ഥാനാര്‍ഥി സംഗമവും നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പതിനേഴായിരം കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചശേഷം അത് നടപ്പാക്കാതെ ഇടുക്കിയിലെ ജനങ്ങളെ ഈ സര്‍ക്കാര്‍ കബളിപ്പിച്ചു. ശബരിമലയെപ്പോലും കൊള്ളയടിക്കുന്ന പിണറായി സര്‍ക്കാരിനെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ ഈ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
local nattuvishesham
യോഗത്തില്‍ യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് എം.ജെ. കുര്യന് അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്, അഡ്വ. സേനാപതി വേണു, അഡ്വ. എം.എന്‍. ഗോപി, ജോജി ഇടപ്പള്ളിക്കുന്നേല്‍, ജോസ് പൊട്ടംപ്ലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
കോട്ടയം: വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജൻഡ നടപ്പാക്കാൻ മതേതര കേരളം അനുവദിക്കില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്.
സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനക്കര ബസ്സ്റ്റാൻഡ് മൈതാനിയിൽ ചേർന്ന ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ മന്ത്രിസഭയിലോ ഇടതുമുന്നണിയിലൊ ആലോചിക്കാതെ തീരുമാനമെടുത്തത് ദുരൂഹമാണ്.
ഘടകകക്ഷി മന്ത്രിമാരെ ഇരുട്ടിൽ നിർത്തി വിദ്യാഭ്യാസ രംഗത്തെ വർഗീയവത്കരിക്കുന്നതിൽ സിപിഐ പ്രകടിപ്പിച്ച ആശങ്ക ഗൗരവതരമാണ്. ഇടതുമുന്നണിയിൽ ജോസ് കെ. മാണി മാത്രമാണ് പിഎം ശ്രീ പദ്ധതിയെപ്പറ്റി പഠിക്കാതെ സ്വാഗതം ചെയ്തത്.
വന്യജീവി ശല്യം, പട്ടയ പ്രശ്നങ്ങൾ, കാർഷിക മേഖലയുടെ തകർച്ച , ശമ്പളമില്ലാത്ത അധ്യാപകരുടെ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടതുസർക്കാർ വൻ പരാജയമാണ്. ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ശബരിമലയിലെ സ്വർണക്കൊള്ള ഉൾപ്പെടെയുളള അഴിമതി ഭരണത്തിനുമെതിരേ തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിക്കുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
ബഹുജന സംഗമത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജനറൽ ജോയി ഏബ്രാഹാം, ഡപ്യൂട്ടി ചെയർമാൻമാരായ ഷെവ. ടി.യു. കുരുവിള, ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ഇ.ജെ. ആഗസ്തി, ജോസഫ് എം. പുതുശേരി തുടങ്ങിയവർ പ്രസംഗിച്ചു.